India National

മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും ഈ വര്‍ഷത്തെ പത്മഭൂഷണ്‍. മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എം.പി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്. മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. ഗായകന്‍ കെ.ജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ. കെ മുഹമ്മദ് എന്നീ മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് പുരസ്കാരം. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ചെസ് താരം ഹരിക ദ്രോണവല്ലി, ബാസ്‌കറ്റ് ബോല്‍ താരം പ്രശാന്തി സിങ് എന്നിവര്‍ക്കും പദ്മശ്രീ ലഭിച്ചു. 14 പത്മ ഭൂഷണും 94 പത്മശ്രീയും ആണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.