ഇ.വി.എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഛത്തീസ്ഗഡ് ഘടകം ഗവർണർ അനുസുയ ഉയികിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ ഉപസമിതി ഇതു സംബന്ധിച്ച സാധ്യതകള്‍ മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധവുമായി ബി.ജെ.പി രംഗത്തുവന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നതു പോലെ മേയർ സ്ഥാനത്തേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്താനും മന്ത്രിസഭാ ഉപസമിതി ശിപാർശ ചെയ്യുന്നുണ്ട്.
ഇക്കാര്യം പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രണ്ട് ശുപാർശകൾ നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. എന്നാൽ മന്ത്രിസഭാ തീരുമാനത്തിനും മുനിസിപ്പൽ നിയമത്തിലെ ഓർഡിനൻസിനും ശേഷം മാത്രമേ ഔദ്യോഗിക നടപടി സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. കാര്യങ്ങൾ ആ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇ.വി.എം വഴിയുള്ള തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുവെന്ന് കഴിഞ്ഞ കുറേ കാലങ്ങളായുള്ള ആക്ഷേപമാണ്. ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഈ തീരുമാനത്തിലൂടെ കോൺഗ്രസ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും ബാലറ്റ് ബോക്സുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനുള്ള നീക്കമാണെന്നും ബി.ജെ.പി ആരോപിച്ചു. ഇതേസമയം, ജനാധിപത്യ പ്രക്രിയകളിൽ എല്ലായ്പ്പോഴും പരിഷ്കാരങ്ങളും മാറ്റങ്ങളുമുണ്ടെന്നും ഇ.വി.എമ്മുകളോട് ബി.ജെ.പിക്ക് ഒരു പ്രത്യേക മമതയുണ്ടെന്നും കോൺഗ്രസ് തിരിച്ചടിച്ചു.