കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷിനാശം. വിളവെടുപ്പിന് പാകമായ ഹെക്ടറ് കണക്കിന് നെൽകൃഷി വെളളം കയറി നശിച്ചു. വരുംദിവസങ്ങളിൽ മഴ കനക്കുന്നതും നെല്ലുസംഭരണം വൈകുന്നതും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു.
പാലക്കാട് മാത്തൂരിലെ പാടശേഖരങ്ങളിലെ കാഴ്ചയാണിത്. വിളവെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയാണ് മഴയത്ത് നെൽകൃഷി വ്യാപകമായി നശിച്ചത്. മാത്തൂരിൽ മാത്രം 200 ഏക്കർ നെൽപ്പാടമാണ് വെളളത്തിനടിയിലായത്. പാടങ്ങളിൽ കനത്ത വെളളക്കെട്ടുളളതും നെൽച്ചെടികൾ വീണുകിടക്കുന്നതും കാരണം കൊയ്ത്ത് യന്ത്രം ഇറക്കി വിളവെടുക്കാനുമാകില്ല. ദിവസങ്ങൾക്കകം നെല്ല് മുളച്ചുതുടങ്ങും.
ജില്ലയിൽ 40 ശതമാനം നെൽപ്പാടങ്ങൾ വെളളത്തിനടിയിലെന്നാണ് ഔദ്യോഗിക കണക്ക്. ഒരേക്കര്‍ പാടത്തു നിന്ന് ശരാശരി 40 ചാക്ക് നെല്ല് കിട്ടിയിരുന്ന സ്ഥാനത്ത് അവയുടെ നാലിലൊന്നെ കൊയ്തെടുക്കാനാവൂ. നെൽകൃഷി ഏറെയുളള ആലത്തൂർ ,കുഴൽമന്ദം , പറളി,ചിറ്റൂർ മേഖലകളിലാണ് നാശം കൂടുതൽ.