കൂടത്തായികൊലപാത പരമ്പര കേസില്‍ ഡി.എന്‍.എ പരിശോധനക്ക് വേണ്ടിയുള്ള സാമ്പിളുകള്‍ ശേഖരിച്ചു. റോയ് തോമസിന്റെ സഹോദരങ്ങളായ റോജോ,റെഞ്ചു, ജോളിയുടെ മകന് റോമോ,പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകന് എന്നിവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.
ടോം തോമസിന്റെയും അന്നമ്മയുടെയും തന്നെയാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങളെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് റോജോയുടെയും,സഹോദരി റെഞ്ചുവിന്റെയും ഡി.എന്‍.എ സാമ്പിളുകളെടുത്തത്. റോയിടേതെന്ന് സ്ഥിരീകരിക്കാന്‍ മക്കളുടെ സാമ്പിളുകളുമെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചെടുത്ത സാമ്പിളുകള്‍ ഇന്ന് തന്നെ ഡി.എന്‍.എ പരിശോധനക്കയക്കും. കണ്ണൂരിലേയോ,തിരുവനന്തപുരത്തേയോ ഫോറന്‍സിക് ലാബിലേക്കായിരിക്കും കൈമാറുക. അടിയന്തര സാഹചര്യം ഫോറന്‍സിക് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി പരിശോധന ഫലം വേഗത്തില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മൃതദേഹ അവശിഷ്ടങ്ങളുടെ റിപ്പോര്‍ട്ടും ഡി.എന്‍.എ റിപ്പോര്‍ട്ടും അന്വേഷണ സംഘത്തെ സംബന്ധിച്ച് കോടതിയില്‍ നല്കാന് പറ്റിയ നിര്‍ണ്ണായക വിവരങ്ങളാണ്.