Cricket Sports

ലാറയും സച്ചിനും വീണ്ടും ക്രീസിലേക്ക്

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ വീണ്ടും പാഡണിയുന്നു. ഒരു യുഗത്തിലെ അതികായന്മാരായിരുന്ന മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കം നിരവധി താരങ്ങളാണ് ഒരിക്കല്‍ കൂടി കളിക്കളത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക റോഡ് സുരക്ഷാ പരമ്പരയിലാണ് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ അണി നിരക്കുക. റോഡ് സുരക്ഷയുടെ പ്രചാരണാര്‍ത്ഥം എല്ലാ വര്‍ഷങ്ങളിലും നടക്കാനിരിക്കുന്ന ഈ ടി20 ടൂര്‍ണ്ണമെന്റില്‍ അഞ്ചു രാജ്യങ്ങളുടെ താരങ്ങളാണ് ഭാഗമാവുക.

ലാറക്കും സച്ചിനും പുറമേ ഇന്ത്യയുടെ തന്നെ വീരേന്ദര്‍ സേവാഗ്, ആസ്ട്രേലിയന്‍ താരം ബ്രെറ്റ്ലീ, ശ്രീലങ്കന്‍ ഇതിഹാസം തിലക രത്നെ ദില്‍ഷന്‍, ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോട്സ് തുടങ്ങിയവരാണ് തങ്ങളുടെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടുമിറങ്ങുന്നത്. 2020 ഫ്രെബുവരി രണ്ട് മുതല്‍ പതിനാറു വരെ ഇന്ത്യയിലെ വിവിധ വേദികളില്‍ വെച്ചാണ് ടൂര്‍ണ്ണമെന്‍റ് നടക്കുക.

ഒരേ കാലഘട്ടത്തില്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങള്‍ തന്നെ വീണ്ടും മൈതാനത്തിറങ്ങുമ്പോള്‍ ആരാധകര്‍ക്കുമത് ആവേശം വീണ്ടെടുക്കലാകും.

നാല്‍പത്താറുകാരനായ സച്ചിന്‍ തന്നെയാണ് ഇന്നും ടെസ്റ്റിലേയും ഏകദിനത്തിലേയും ഏറ്റവും മികച്ച റണ്‍വേട്ടക്കാരന്‍. 2013ല്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച സച്ചിന്‍ തന്റെ 24 വര്‍ഷക്കാല കരിയറിനിടയില്‍ 34000ത്തില്‍ പരം റണ്‍സും, 100 സെഞ്ച്വറികളും തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ടെസ്റ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ എന്ന ലാറയുടെ റെക്കോഡ് 2008ലാണ് സച്ചിന്‍ മറികടന്നത്. ആര്‍ക്കും ഇതുവരെ തകര്‍ക്കാനാകാതെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോഡ് ലാറയുടെ പേരില്‍ തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. 2004ല്‍ ഇംഗ്ലണ്ടിലെ ആന്റിഗ്വയില്‍ നടന്ന കളിയില്‍ ലാറ 400 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.