കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ തീര്‍ഥയാത്ര നടത്തുന്ന ഇന്ത്യക്കാരില്‍ നിന്നും 1500 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് പാകിസ്താന് ഇന്ത്യയെ അറിയിച്ചു. ഇടനാഴിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിന് സെപ്തംബറില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ ഇന്ത്യ ഈ നീക്കത്തെ അനുകൂലിച്ചിരുന്നില്ല. യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ പാകിസ്താന് ഔദ്യോഗികമായി അറിയിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറിയ കര്‍ത്താര്‍പൂര്‍ കരട് ധാരണാപത്രത്തില്‍ യാത്രക്കാരുടെ രജിസ്ട്രേഷന് ഉള്‍പ്പടെയുള്ള വിശദാംശങ്ങളാണ് പാകിസ്താന് അറിയിച്ചിട്ടുള്ളത്. തീര്‍ഥാടകരുടെ പട്ടിക 10 ദിവസം മുമ്പേ പാകിസ്താന് കൈമാറണം. നാലു ദിവസം മുമ്പെങ്കിലും പാകിസ്താന് അംഗീകരിച്ച പട്ടിക ഇന്ത്യക്ക് തിരികെ നല്‍കും. ഇതിനു ശേഷമാണ് തീര്‍ഥാടകര്‍ പണം കെട്ടിവെച്ച് യാത്ര പുറപ്പെടേണ്ടത്. വ്യവസ്ഥകള്‍ ഇന്ത്യ അംഗീകരിക്കുകയാണെങ്കില്‍ വാഗാ അതിര്‍ത്തിയിലോ ദേരാ ബാബാ നാനാക് സീറോപോയിന്റിലോ ഇരുരാജ്യങ്ങളും അന്തിമ ധാരണാപത്രത്തില്‍ ഒപ്പുവെക്കും. പാകിസ്താനിലെ നരോവാല്‍ ജില്ലയിലെ ശക്കര്ഗഞ്ചില് സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് വിസ കൂടാതെയാണ് തീര്‍ഥാടകരെ കടത്തി വിടുക. അതേസമയം ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട പഴയ നിലപാടില്‍ പാകിസ്ഥാന് മാറ്റം വരുത്തിയേക്കുമെന്ന് ആശങ്കയുണ്ട്. ഇടനാഴിയുടെ ഇന്ത്യന്‍ പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 8നാണ് ഗുരുദാസ്പൂരില്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താന് പക്ഷം എന്നു മുതല്ക്കാണ് തുറന്നു കൊടുക്കുക എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. തീയതിയുടെ കാര്യത്തില്‍ പാകിസ്താന് തീര്‍ച്ച പറയാനായിട്ടില്ലെന്ന് അവരുടെ വിദേശകാര്യ വക്താവ് കഴിഞ്ഞ വ്യക്തമാക്കിയിരുന്നു.