ജമ്മുകശ്മീരിലെ എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണുകളും ഇന്ന് മുതല്‍ സേവനം പുനരാരംഭിക്കും. 71 ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്പെയ്ഡ് മൊബൈലുകള്‍ക്കുള്ള വിലക്ക് മാറ്റുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ല നിരോധനം തുടരും. വിവിധ സുരക്ഷ വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് പോസ്റ്റ് പെയ്ഡ് മൊബൈലുകള്‍ക്കുള്ള സേവന വിലക്ക് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.
ഇന്ന് ഉച്ച മുതലാകും പോസ്റ്റ്പെയ്ഡ് മൊബൈലുകള്‍ പ്രവര്‍ത്തിക്കുക. കശ്മീരിലെ പത്ത് ജില്ലകളിലും ഇത് പ്രാബല്യത്തില്‍ വരും. കശ്മീരിലെ നാല്‍പ്പത് ലക്ഷം പോസ്റ്റ്പെയ്ഡ് ഉപഭോഗ്താക്കള്‍ക്കാണ് വിലക്ക് നീങ്ങിയതോടെ ആശയവിനിമയം സാധ്യമാകുക. താഴ്വരയില് ആകെ 66 ലക്ഷം മൊബൈല്‍ കണക്ഷനാണ് ഉള്ളത്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണുകള്‍ക്കുള്ള വിലക്ക് മാറുന്നതോടെ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയും സുരക്ഷ സേന ചൂണ്ടിക്കാട്ടുന്നുണ്ട്.
മൊബൈല്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പലര്‍ക്കും കുടംബവുമായുള്ള ആശയവിനിമയം നടത്താന്‍ കഴിയാതെ വന്നത് പ്രതിസന്ധിയായിരുന്നു. അതേസമയം ജമ്മുകാശ്മീരിലെ മുന്‍മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫതി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ ഇപ്പോഴും തടവിലാണ്. ജമ്മുകാശ്മീരില്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ തടവില്‍ വച്ചിരിക്കുന്നതും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്