India Kerala

മരട് ഫ്ലാറ്റ് നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ തുടങ്ങി

മരട് ഫ്ലാറ്റ് നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ തുടങ്ങി. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലാണ് യോഗം. നിർമ്മാതാക്കൾക്കെതിരെയുള്ള കേസന്വേഷണത്തിൻ്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മരട് പഞ്ചായത്ത്‌ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷറഫിനെ ചോദ്യം ചെയ്തു.

ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണ് സുപ്രിം കോടതി നിർദ്ദേശപ്രകാരം സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരാണ് അധ്യക്ഷൻ. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎയിലെ എൻജിനിയർ ആർ. മുരുകേശൻ എന്നിവരാണ് മറ്റംഗങ്ങൾ. സമിതിയുടെ ആദ്യ യോഗമാണ് കൊച്ചിയിൽ ചേരുന്നത്. നിർമാതാക്കളുടെ സ്വത്ത് കണ്ടു കെട്ടാനും ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നാലാഴ്ചയ്ക്കുള്ളിൽ ഇത് കൊടുത്തു തീർക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. അതേ സമയം മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസന്വേഷണത്തിൻ്റെ ഭാഗമായി മരട് പഞ്ചായത്ത്‌ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷറഫിനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

ഇയാൾ പഞ്ചായത്ത്‌ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് മരടിലെ ഫ്ലാറ്റുകൾക്ക് അനുമതി ലഭിക്കുന്നത്. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി.സർവ്വാതെ ഇന്ന് വൈകീട്ട് കൊച്ചിയിലെത്തും. ഫ്ലാറ്റുകൾ പൊളിക്കാനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളുമായി സർവ്വാതെ നാളെ ചർച്ച നടത്തും.