Cricket Sports

രോഹിത് ശര്‍മ്മയെ സ്വതന്ത്ര്യമായി വിടൂ: മാധ്യമങ്ങളോട് കോഹ്‍ലിയുടെ അഭ്യര്‍ത്ഥന

ടെസ്റ്റില്‍ രോഹിത് ശര്‍മ്മ എന്തു ചെയ്യുന്നുവെന്ന് പിന്തുടരാതെ അദ്ദേഹത്തിന് തന്‍റെ സ്വതസിദ്ധ ശൈലി പിന്തുടരാനുള്ള സ്വതന്ത്ര്യം നല്‍കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയിലുള്ള തന്‍റെ കഴിവ് അദ്ദേഹം തെളിയിച്ചിരുന്നു. രണ്ടിന്നിങ്സുകളിലുമായി രണ്ടു സെഞ്ച്വറികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ രോഹിത് ശര്‍മ്മയെ അമിതമായി മാധ്യമങ്ങള്‍ പിന്തുടരുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്‍റെ പ്രതികരണം. രോഹിത് ശര്‍മ്മയെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കണം, ഒന്നാം ടെസ്റ്റില്‍ ശര്‍മ്മയുടെ മികച്ച പ്രകടനത്തിനു മുതല്‍കൂട്ടായത് അദ്ദേഹത്തിന്‍റെ പരിചയസമ്പത്താണ്, തന്‍റെ മികച്ച കാലഘട്ടത്തിലൂടെയാണ് രോഹിത് ഇപ്പോള്‍ കടന്നു പോകുന്നതെന്നും കോഹ്‍ലി പറഞ്ഞു.

“അദ്ദേഹമിപ്പോള്‍ നന്നായി കളിക്കുന്നുണ്ടല്ലോ… വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചതു പോലെ ടെസ്റ്റിലും ആസ്വദിച്ചു തന്നെ കളിക്കട്ടെ… ടെസ്റ്റില്‍ രോഹിത് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചിന്തിക്കാതെ അദ്ദേഹത്തെ സ്വതന്ത്രമായി വിടൂ” രണ്ടാം ടെസ്റ്റിനു മുന്നോടിയായി ബുധനാഴ്ച്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ പ്രതികരണം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി 120 പോയിന്റാണ് വെസ്റ്റിന്‍ഡീസിനെതിരെ നടന്ന എവേ പരമ്പരയില്‍ നിന്നും ഇന്ത്യ കരസ്ഥമാക്കിയത്. എന്നാല്‍, ചാമ്പ്യന്‍ഷിപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഓരോ എവേ വിജയങ്ങള്‍ക്കും ഇരട്ട പോയിന്റുകള്‍ വീതം നല്‍കണമെന്ന് കോഹ്‍ലി അഭിപ്രായപ്പെട്ടു.

“എന്നോട് പോയിന്റ് ടേബിള്‍ നിര്‍മ്മിക്കാനാവശ്യപ്പെട്ടിരുന്നെങ്കില്‍ ഓരോ എവേ ടെസ്റ്റ് വിജയങ്ങള്‍ക്കും ഞാന്‍ രണ്ടു വീതം പോയിന്റുകള്‍ നല്കുമായിരുന്നു. തീര്‍ച്ചയായും ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തിനു ശേഷം അപ്രകാരം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” ക്യാപ്റ്റന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്ന് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0 ത്തിനു ഇന്ത്യയിപ്പോള്‍ മുന്നിട്ടു നില്‍ക്കുകയാണ്. വ്യാഴാഴ്ച്ച പൂനയിലാണ് രണ്ടാം ടെസ്റ്റ്. അവസാന മത്സരം ഒക്ടോബര്‍ 19 ന് റാഞ്ചിയില്‍ നടക്കും.