കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളെയും ഹാജരാക്കാൻ താമരശ്ശേരി ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
പ്രതികളായ ജോളി ജോസഫ്, എം.എസ് മാത്യു, പ്രജു കുമാർ എന്നിവരെ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. റിമാന്ഡിലായി നാലു ദിവസം കഴിഞ്ഞതിനാൽ പരമാവധി 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടാനെ കോടതിക്ക് കഴിയു. ജോളി മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ കസ്റ്റഡിയിലേക്ക് പ്രതികളെ വിട്ടു കിട്ടുമോയെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. മജിസ്ട്രേറ്റ് അബ്ദുൽ റഹീമിന്റെ ഉത്തരവ് അനുസരിച്ചു രാവിലെ തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കിയേക്കും . കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട് . കുറ്റം ചെയ്തിട്ടില്ലെന്നും കേസിൽ മനഃപൂർവം കുടുക്കുക ആയിരുന്നു എന്നും മാത്യു പറയുന്നു.
മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ എതിർക്കും. കസ്റ്റഡിയിൽ കിട്ടുകയാണെങ്കിൽ കട്ടപ്പന യിലും എൻ ഐ റ്റി യിലും അടക്കം എത്തിച്ചു തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളെ ഹാജരാക്കും എന്ന് കരുതി നിരവധി നാട്ടുകാർ താമരശ്ശേരി കോടതിക്ക് മുൻപിൽ ഇന്നലെ എത്തിയിരുന്നു. ഇന്നും അതുണ്ടാകാനുള്ള സാധ്യത കണക്കിൽ എടുത്തു വലിയ സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്.