Cricket Sports

വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ തകര്‍ത്ത് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ 65 റണ്‍സിന് തകര്‍ത്ത് കേരളം. കേരള ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഛത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് പുറത്തായി. ഒരുഘട്ടത്തില്‍ രണ്ടിന് 159 റണ്‍സെന്ന നിലയിലായിരുന്ന ഛത്തീസ്ഗഡ് പിന്നീട് തകരുകയായിരുന്നു. നാലു വിക്കറ്റെടുത്ത എം.ഡി നിധീഷും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യര്‍, കെ.എം. ആസിഫ് എന്നിവരാണ് ഛത്തീസ്ഗഡിനെ എറിഞ്ഞിട്ടത്. ജിവാന്‍ജോത് സിങ് (56), അഷുതോഷ് സിങ് (77) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി പൊരുതിയെങ്കിലും ഛത്തീസ്ഗഡിന് വിജയത്തിലെത്താനായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.

നേരത്തെ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തത്. 91 പന്തുകള്‍ നേരിട്ട വിഷ്ണു 11 സിക്‌സും അഞ്ചു ബൗണ്ടറികളുമടക്കം 123 റണ്‍സെടുത്തു. വിജയ് ഹസാരെ ട്രോഫിയില്‍ ഇത്തവണ വിഷ്ണുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ കര്‍ണാടകയ്‌ക്കെതിരെയും താരം സെഞ്ചുറി (104) നേടിയിരുന്നു.

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (6), സഞ്ജു സാംസണ് (16) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അര്‍ധസെഞ്ചുറി നേടി. 53 പന്തുകള്‍ നേരിട്ട അസ്ഹര്‍ മൂന്നു വീതം സിക്‌സും ബൗണ്ടറികളും സഹിതം 56 റണ്‍സെടുത്തു. സച്ചിന്‍ ബേബി (34), ജലജ് സക്‌സേന (34) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇത്തവണയും മികച്ച പ്രകടനം നടത്താനായില്ല. പൊന്നം രാഹുല്‍ (1), അക്ഷയ് ചന്ദ്രന്‍ (18), എം.ഡി. നിധീഷ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.