വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. ബാങ്കുകളില്‍ നിന്നും ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ നിന്നും ആറ് മാസത്തിനിടെ നിക്ഷേപിക്കപ്പെട്ടത് 90,995 കോടി മാത്രമെന്ന് ആര്.ബി.ഐ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 88 ശതമാനത്തിന്റെ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യരംഗത്ത് നിന്നും 1,25,600 കോടി പിന്‍വലിക്കപ്പെട്ടതായും ആര്.ബി.ഐ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ആര്.ബി.ഐ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആറ് മാസത്തിനിടെ വാണിജ്യ രംഗത്തുണ്ടായ നിക്ഷേപം 7,36,087 കോടിയായിരുന്നു. അത് ഇത്തവണ വെറും 90,995 ആയി ഇടിഞ്ഞു. ആകെ 88 ശതമാനത്തിന്റെ കുറവ്. കണക്കുകള്‍ പുറത്തു വന്ന വാണിജ്യമേഖലയില്‍ കൃഷി, ഉദ്പാദനം, ഗതാഗത മേഖല എന്നിവയൊന്നും ഉള്‍പ്പെടുന്നില്ല. ഇതോടൊപ്പം വാണിജ്യരംഗത്ത് നിന്ന് 1,25,600 കോടി രൂപ പിന്‍വലിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഇതേ കാലയളവില്‍ 41,200 കോടി രൂപ മാത്രം പിന്‍വലിക്കപ്പെട്ട സ്ഥാനത്താണ് ഇത്.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വായ്പകള്‍ എടുക്കുന്നതില്‍ വന്ന കുറവ്, നഷ്ടസാധ്യത കുറക്കാനുള്ള ശ്രമം തുടങ്ങിയവയാണ് നിക്ഷേപങ്ങള്‍ക്ക് ഇടിവ് ഉണ്ടാകുന്നതെന്നും റിസര്‍വ് ബാങ്ക് പറയുന്നു. വാഹന വായ്പ, ഭവന വായ്പ തുടങ്ങിയ വാണിജ്യ രംഗത്തേക്കുള്ള കാര്‍ഷികേതര ലോണുകളിലും ഇടിവുണ്ടായതായാണ് ആര്.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നത്. 1,65,187 കോടിയില്‍ നിന്നും 93,688 കോടിയായാണ് കുറവ് രേഖപ്പെടുത്തുന്നത്. പ്രതീക്ഷപ്പെടുന്ന ജി.ഡി.പി നിരക്ക് 6.1 മാത്രമാണെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം നിലവിലെ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ്.