മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 200 മീറ്റർ പരിധിയിലുള്ള ആളുകളെ മാറ്റുമെന്ന് സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ആളുകൾ മാറേണ്ടതുള്ളു. പൊളിക്കുന്നതിന് മുമ്പ് തേർഡ് പാർട്ടി ഇൻഷുറൻസ് ഏർപ്പെടുത്തും. ഈ മാസം ഒമ്പതാം തിയ്യതി പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് 11ന് ഫ്ലാറ്റുകൾ കൈമാറുമെന്നും സബ്കലക്ടര്‍ അറിയിച്ചു.
ഫ്ലാറ്റ് പൊളിക്കുന്നതിന് എഡിഫെയ്സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീൽസ്, സുബ്രഹ്മണ്യ എക്സ്പ്ലോസീവ് എന്നീ മൂന്ന് കമ്പനികളാണ് പ്രഥമ പരിഗണനയിലുള്ളത്. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ ആശങ്കയിലാകേണ്ടതില്ലെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് മാറ്റുമ്പോൾ 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാത്രമാണ് ഒഴിപ്പിക്കേണ്ടി വരിക. അത് വളരെ കുറഞ്ഞ സമയം മാത്രം മതിയാകും. സമീപത്തുള്ള വീടുകൾക്ക് യാതൊരു നാശനഷ്ടവും സംഭവിക്കില്ലെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
ഓരോ ഫ്ലാറ്റിന്റെയും ഘടന അനുസരിച്ച് പല നിലകളിലായി സ്ഫോടകവസ്തുക്കൾ വച്ചാണ് പൊളിക്കുക. സ്ഫോടനം നടന്ന് 10 സെക്കന്റിനുള്ളിൽ ഫ്ളാറ്റ് നിലം പതിക്കും.