ബിഹാറിലെ ഐക്യ ജനതാദൾ – ബി.ജെ.പി സഖ്യസർക്കാർ പൊട്ടിത്തെറിയിലേക്ക്. തലസ്ഥാനമായ പട്നയെ പ്രളയം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയെ ചൊല്ലി ജെ.ഡി.യു – ബി.ജെ.പി മന്ത്രിമാരും നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് സഖ്യത്തിന്റെ ഭാവി പ്രതിസന്ധിയിലായത്. പ്രളയം നേരിടേണ്ടത് ജെ.ഡി.യു തലവൻ നിതീഷ് കുമാർ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാറാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറയുമ്പോൾ, സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ബി.ജെ.പി മന്ത്രിമാരുടെ പരാജയമാണ് പ്രളയദുരിതം രൂക്ഷമാക്കിയത് എന്നാണ് ജെ.ഡി.യുവിന്റെ ആരോപണം. പരസ്പരം വിഴുപ്പലക്കരുതെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് പട്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് അറുപതോളം പേർ മരിക്കുകയും വലിയതോതിൽ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. പ്രളയബാധിതരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല എന്ന വിമർശം ശക്തമാകുന്നതിനിടെയാണ് സഖ്യസർക്കാറിനകത്തുതന്നെ അടി രൂക്ഷമാകുന്നത്. വെള്ളിയാഴ്ച തുടങ്ങിയ മഴ ഞായറാഴ്ച അവസാനിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും വെള്ളമിറങ്ങാത്തത് നിതീഷ് കുമാറിന്റെ കഴിവുകേടാണ് എന്ന് ബിഹാർ ബി.ജെ.പി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ തുറന്നടിച്ചു. ഇതിനു മറുപടിയുമായി രംഗത്തുവന്ന ജെ.ഡി.യുടെ എം.എൽ.സി രൺബീർ നന്ദൻ, ബി.ജെ.പി മന്ത്രിമാരാണ് ഇതിന് ഉത്തരവാദികളെന്ന് ആരോപിച്ചു.
‘നഗരവികസന മന്ത്രാലയം ബി.ജെ.പിയുടെ കൈവശമാണ്. ആരോഗ്യ, പൊതജനാരോഗ്യ, എഞ്ചിനീയറിംഗ് വകുപ്പുകളും കൈയാളുന്നത് ബി.ജെ.പി തന്നെ. പട്ന നഗരത്തിലെ മേയറും ബി.ജെ.പിക്കാരൻ. വെള്ളക്കെട്ടിന് നിതീഷ് കുമാറിനെ കുറ്റപ്പെടുത്തുന്നത് എങ്ങനെയാണ്?’ – രൺബീർ നന്ദൻ പറഞ്ഞു. പട്നയിലെ പ്രധാന മണ്ഡലങ്ങളെല്ലാം ബി.ജെ.പിയുടെ കൈവശമാണെന്നും ഡ്രെയ്നേജ് നിർമിക്കാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും മുഖ്യമന്ത്രിയുടെ നഗരവികസന പദ്ധതിയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് അനുവദിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനു പിന്നാലെയാണ് ബിഹാറുകാരനായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചത്. ‘പ്രളയത്തിന് ഉത്തരവാദി ബിഹാർ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ്. കയ്യടി കിട്ടുന്നത് നായകനാണെങ്കിൽ ആക്ഷേപവും അദ്ദേഹം തന്നെ നേരിടണം. അതാണ് ലോകത്തിന്റെ രീതി.’ – ഗിരിരാജ് ട്വീറ്റ് ചെയ്തു. ഗിരിരാജ് സിങ് കേന്ദ്ര സർക്കാറിലുള്ള തന്റെ ജോലി നോക്കിയാൽ മതിയെന്നും ചെളിവാരിയെറിഞ്ഞ് ആനന്ദിക്കേണ്ടെന്നും ജെ.ഡി.യു നേതാവും സംസ്ഥാനമന്ത്രിയുമായ ശ്യാം രാജക് ഇതിനു മറുപടി നൽകി. ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ വീഴ്ചയാണ് റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ജെ.ഡി.യു വക്താവ് സഞ്ജയ് സിങ്, മറ്റൊരു നേതാവായ സുശീൽ മേത്ത എന്നിവരും നിതീഷിനെ ന്യായീകരിച്ച് രംഗത്തുവന്നു. ഇതിനു മറുപടിയായി ബി.ജെ.പിഎം.എൽ.എ നിതിൻ നവീൻ പറഞ്ഞത് ‘വാ തുറക്കാൻ എന്നെ നിർബന്ധിക്കരുത്. സർക്കാറിലുള്ള എല്ലാവരെയും തുറന്നുകാട്ടാൻ എിക്കു കഴിയും’ എന്നാണ്.
‘ഇരട്ട എഞ്ചിൻ’ ഭരണകർത്താക്കളായ ബി.ജെ.പിയും ജെ.ഡി.യുവും പട്ടിയും പൂച്ചയുമെന്നപോലെ തമ്മിൽ തല്ലുകയാണെന്നും ഭരണപരാജയവും അരാജകത്വവുമാണ് സംസ്ഥാനത്തുള്ളതെന്നും രാഷ്ട്രീയ ജനതാദൾ നേതാവ് തേജശ്വി യാദവ് ട്വീറ്റ് ചെയ്തു.