Entertainment

അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം

അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വെച്ചു നടന്ന പരിപാടിയിലാണ് അവാര്‍ഡ് ലഭിച്ചത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാവുക എന്ന ഉദ്ദേശത്തിലാണ് മേള സംഘടിപ്പിച്ചത്. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയില്‍‌ നിന്നും അഞ്ഞൂറോളം ചിത്രങ്ങളാണ് മേളയില്‍ പങ്കെടുത്തത്. പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മേളയില്‍ ചിത്രങ്ങളെത്തിയിരുന്നു.

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യ തന്നെയാണ് വാര്‍‌ത്ത പങ്കുവെച്ചത്. നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും തന്‍റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ കുറച്ചു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

2019 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഒരു ട്രാന്‍സ്ജെന്‍ഡറിന്‍റെ ജീവിതത്തിലെ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ചിത്രത്തിലെ മേരിക്കുട്ടിയെന്ന കേന്ദ്ര കഥാപാത്രത്തെയായിരുന്നു ജയസൂര്യ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ മേരിക്കുട്ടിയിലെ അഭിനയത്തിന് ജയസൂര്യയെ തേടിയെത്തി.