ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം മരണസംഖ്യ 150 കടന്നു. ബിഹാറിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലുമെല്ലാം മഴ തുടരുകയാണ്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലി ബിഹാറില്‍ ജെ.ഡി.യു- ബി.ജെ.പി സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമായി.
കാല് നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ മഴ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്നു. ബിഹാറില്‍ അന്‍പതോളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. പറ്റ്ന നഗരം വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയില്‍ മാത്രം മൂവായിരത്തിൽ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഉത്തരാഖണ്ഡില്‍ റോഡ്-റെയില്‍ ഗതാഗതം താറുമാറായി.
ഇന്ത്യയില്‍ ഇതുവരെ 10 ശതമാനം അധികമഴ ലഭിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കാറുള്ള കാലവര്‍ഷം ഇത്തവണ ഒക്ടോബര്‍ പത്തോടെ മാത്രമേ പിന്വാങ്ങാനിടയുള്ളൂ. ആദ്യമായാണ് കാലവര്‍ഷം ഇത്രയധികം നീളുന്നത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.