പ്രവാസികളെയും ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി കൂട്ടായ്മകളുടെയും മറ്റും ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ്
കേന്ദ്രത്തിന്റെ നീക്കം. പുതിയ എമിഗ്രേഷൻ ബില്ലിൻമേൽ ചർച്ച നടത്താനും സർക്കാർ സന്നദ്ധത അറിയിച്ചു.
വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാർക്ക് നിലവിൽ ആധാർ ആനുകൂല്യം ലഭിക്കാൻ അർഹതയില്ല. ആധാർ ആക്ട് പ്രകാരം പ്രവാസികൾക്ക്
ആധാർകാർഡിന്
അർഹതയും ഇല്ല. ഇന്ത്യയിലെ പല ആനുകൂല്യങ്ങൾക്കും ആധാർ
നിർബന്ധമാക്കിയിരിക്കെ പ്രവാസി സമൂഹം വലിയ പ്രയാസം നേരിടുന്നുണ്ട്.
നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി ആധാർ ആക്ടിൽ പ്രവാസികളെ കൂടി ഉടൻ
ചേർക്കുമെന്നാണ് സുഷമ സ്വരാജ് അറിയിച്ചത്.
പ്രവാസികളുടെ ഇന്ത്യയിൽ നടക്കുന്ന വിവാഹത്തിന് കൂടി ആധാർ നിർബന്ധമാക്കാനുള്ള നീക്കം ശക്തമായിരിക്കെ, സർക്കാർ നിലപാട്
പ്രവാസികൾക്ക്
ഗുണകരമാകും. എൻആർഐ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, പഴ്സൺസ് ഓഫ് ഇന്ത്യൻ
ഒറിജിൻ എന്നിവരെ ആധാർ ആക്ടിനു ചുവടെ കൊണ്ടുവരാനാണ് കേന്ദ്രനീക്കം.
അതിനിടെ, പുതിയ എമിഗ്രേഷൻ നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ അടുത്ത മാസം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.ആധാർ, എമിഗ്രേഷൻ നിയമങ്ങളിലെ ആശങ്കകൾ പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ പരിഹരിക്കപ്പെടും എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.