പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിട്ടു. കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കൾ നൽകിയ ഹരജിയില്‍ ഹൈക്കോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി.
പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒന്നാംപ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരന്‍ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു.
കേസില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെയോ കല്യാട്ടെ സിപിഎം നേതാവ് വി.പി.പി. മുസ്തഫയെയോ കേസുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിശദീകരിച്ചിരുന്നു.
കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.