India Kerala

പ്രമുഖ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇന്നാണ് പത്രിക സമര്‍പ്പിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് വരണാധികാരി ജിയോ ടി മനോജിന് മുന്പാകെയാണ് പത്രിക നല്‍കിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനൊപ്പമുണ്ടായിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറും പത്രിക സമര്‍പ്പിച്ചു. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയും യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദും ബി.ജെ.പി സ്ഥാനാര്‍ഥി സിജി രാജഗോപാലും പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരി എൻ.ജെ ഷാജിമോന് മുൻപാകെയാണ് മനുറോയിയും ടി.ജെ വിനോദും പത്രിക നല്‍കിയത്.

കോന്നിയിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറും യു.ഡി.എഫ് സ്ഥാനാർഥി പി മോഹൻ രാജും ഉപവരണാധികാരി രാജേഷ് കുമാറിന് മുന്‍പാകെയാണ് പത്രിക നല്‍കിയത്. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്ററും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

അരൂർ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. മഞ്ചേശ്വരത്തും മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറും കലക്ടറേറ്റിലെത്തി പത്രിക നല്‍കി. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.