India Kerala

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ മാത്രമാണ് മുന്നണികളില്‍ നിന്ന് പത്രിക നല്‍കിയിട്ടുള്ളത്. മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്രരും പത്രിക നൽകിയിട്ടുണ്ട്. ശനിയും ഞായറും അവധിയായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ് ഉച്ചയോടെയാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

ഒക്ടോബർ ഒന്നിനാണ് പത്രികകളുടെ സൂഷ്മ പരിശോധന. പത്രിക പിൻവലിക്കാനുളള അവസാന തിയതിയായ ഒക്ടോബർ മൂന്നിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുക. അടുത്ത മാസം 21നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 24നും നടക്കും. സ്ഥാനാർഥി നിർണ്ണയം പൂർത്തിയായതോടെ പ്രചാരണം സജീവമായിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകളും ആരംഭിച്ചിട്ടുണ്ട്.