സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിന്റെ ക്ഷീണം അകറ്റി പ്രചരണത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് എന്‍.ഡി.എ നേതൃത്വം. എന്നാല്‍ ബി.ഡി.ജെ.എസിന്റെ നിലപാടില്‍ എന്‍.ഡി.എക്കുള്ളില്‍ അതൃപ്തി വ്യാപകമാണ്.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി പത്രിക അവസാന നിമിഷം പുറത്തിറങ്ങിയത്. വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും സംസ്ഥാന സെക്രട്ടറി മത്സരിക്കുന്ന കോന്നിയിലുമാകും എന്‍.ഡി.എയുടെ ശക്തമായ സാന്നിധ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവില്‍ യുവ പരിവേഷമുള്ള പുതുമുഖത്തെ ഇറക്കിയാണ് മുന്നണിയുടെ പരീക്ഷണം. പാലായിലുണ്ടായ അടിയൊഴുക്ക് ഈ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ അലട്ടുന്നുണ്ട്. ബി.ഡി.ജെഎസിന്റെ നിലപാടാണ് പ്രധാന പ്രശ്നം.
എസ്.എന്‍.ഡി.പി യോഗം ഇടതുമുന്നണിക്ക് അനുകൂലമായി നിലപാട് എടുക്കുന്നത് ബി.ഡി.ജെ.എസ് വഴി എന്‍.ഡി.എക്ക് ലഭിക്കേണ്ട വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് ഭയം. അരൂരില്‍ മത്സരിക്കാതെ ബി.ഡി.ജെ.എസ് പിന്മാറിയത് തന്നെ ഇടത് മുന്നണിയെ സഹായിക്കാനാണെന്ന ആരോപണം ബി.ജെ.പിക്കുള്ളില്‍ നേരത്തെ ഉയര്‍ന്നതാണ്. അടിയൊഴുക്ക് സംഭവിക്കാതെ ശക്തമായ മത്സരം നടത്താന്‍ എന്‍.ഡി.എക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.