India National

കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക

ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്നും യു.എസ് അറിയിച്ചു. ‘അന്യായമായി തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും നിയന്ത്രണങ്ങള്‍ നീക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തിക മേധാവികള്‍ അടക്കമുള്ളവരുടെ തടങ്കലില്‍ ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ കുറയുന്നതാണ് ലോകത്തിന് നല്ലതെന്നും ഇരുവരും ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥം വഹിക്കാന്‍ യു.എസ് തയ്യാറാണെന്നും അവര്‍ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തുള്ള പ്രഖ്യാപനത്തിന് മുന്നോടിയായി ഓഗസ്റ്റ് അഞ്ച് അര്‍ധരാത്രിയാണ് ജമ്മു കശ്മീരില്‍ നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്‍പ്പെടേ നിയന്ത്രണവും ഏര്‍പ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടേ മുഴുവന്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കളും കരുതല്‍ തടങ്കലില്‍ തന്നെയാണ്. അടഞ്ഞ് കിടക്കുന്ന കടകമ്പോളങ്ങളും കനത്ത സുരക്ഷ വലയത്തിലുള്ള തെരുവുകളുമാണ് അന്നുമതല്‍ കശ്മീര്‍ താഴ്‍വരയുടെ പൊതുചിത്രം. അമ്പതാം ദിവസവും അതില്‍ മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീര്‍ സന്ദര്‍ശിച്ച വനിത സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.