ബാറ്റിംഗിന്റെ പറുദീസയെന്നാണ് പൊതുവേ ട്വന്റി20 യെ വിശേഷിപ്പിക്കാറുള്ളത്. പരമാവധി 4 ഓവര്‍ ആണ് ഇരുപതോവര്‍ ക്രിക്കറ്റില്‍ ഒരു ബോളര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നിരിക്കെ അതില്‍ ആദ്യ മൂന്നോവറും റണ്‍ വഴങ്ങാതെ മെയ്ഡന്‍ ആക്കി മൂന്ന് വിക്കറ്റും നേടിയാണ് ഇന്ത്യന്‍ സ്പിന്നര്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ദക്ഷിണാഫ്രിക്കതിരെയുള്ള ട്വന്റി-20 മത്സരത്തിലായിരുന്നു ഇന്ത്യന്‍ വനിതാ താരത്തിന്റെ അമ്പരിപ്പിക്കുന്ന പ്രകടനം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിരുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ദീപ്തിയുടെ നേതൃത്വത്തിലുള്ള ബോളിംഗ് നിര വരിഞ്ഞു മുറുക്കുകയായിരുന്നു.
ദീപ്തിയുടെ ആദ്യ മൂന്നോവര്‍ പൂർത്തിയാക്കുമ്പോഴേക്കും 14 ഓവറിൽ ഏഴിന് 73 റൺസ് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പ കുത്തിയിരുന്നു. 3-3-0-3 എന്ന നിലയിൽ ആയിരുന്നു മൂന്നോവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ദീപ്തി ശര്‍മയുടെ ബോളിംഗ് പ്രകടനം. തന്റെ നാലാം ഓവറിന്റെ ആദ്യ പന്തിലാണ് ദീപ്തി മൽസരത്തിലെ ആദ്യ റൺ വഴങ്ങിയത്. ഒടുവില്‍ 119 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിക്കൊണ്ട് ഇന്ത്യ 11 റണ്‍സിന്റെ വിജയം നേടി. മത്സരം പൂര്‍ത്തിയാകുമ്പോള്‍ നാല് ഓവറിൽ എട്ടു റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ ദീപ്തിയെ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തതും.
രാജ്യാന്തര ട്വന്റി20യിൽ മൂന്ന് മെയ്ഡൻ ഓവർ ബോൾ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തെ ഒൻപതാമത്തെ താരവുമാണ് ദീപ്തി. ഇവരെല്ലാം വനിതാ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. പുരുഷ ക്രിക്കറ്റിൽ ഇന്നുവരെ ഒരു ബോളറും മൂന്ന് മെയ്ഡൻ ഓവർ എറിഞ്ഞിട്ടില്ല. മൽസരത്തിൽ ബോൾ ചെയ്ത 19–ആമത്തെ പന്തിൽ മാത്രമാണ് ദീപ്തി ആദ്യ റൺ വിട്ടുകൊടുത്തത്. രാജ്യാന്തര ട്വന്റി20യിൽ റൺ വിട്ടുകൊടുക്കാതെ ഇതിലുമധികം പന്തെറിഞ്ഞിട്ടുള്ളത് മൂന്നു താരങ്ങൾ മാത്രമാണ്. മാലിക്കെതിരെ റണ്‍സ് വഴങ്ങാതെ നാല് ഓവറും ബോൾ ചെയ്ത ടാൻസാനിയ താരം പെറിസ് മമൂന്യയ്ക്കാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം