നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുവനിരയുമായി സി.പി.എം. മഞ്ചേശ്വരം ഒഴികെ നാല് മണ്ഡലങ്ങളിലും യുവനിരയെയാണ് സി.പി.എം രംഗത്തിറക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമുണ്ടാകും.
വട്ടിയൂര്‍ക്കാവ്,കോന്നി,അരൂര്‍,എറണാകുളം നാല് മണ്ഡലങ്ങളിലും യുവനിരയെ പരീക്ഷിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലെ സാമുദായിക സമവാക്യങ്ങള്‍ മറികടന്ന് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത് യുവനിരയില്‍ മികച്ച പ്രതിഛായയുള്ള നേതാവ് എന്ന പരിഗണന കൂടി നല്‍കിയാണ്. കോന്നിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ച കെ യു ജനീഷ് കുമാറും അരൂരിലേക്ക് തീരുമാനിച്ച മനു സി. പുളിക്കലും ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരാണ്. തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമായി രംഗത്തെത്തുന്ന ജനീഷ് കുമാറിന് സാമുദായിക പരിഗണന ഗുണം ചെയ്തിട്ടുണ്ട്. മുന്‍ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു അടക്കമുള്ളവരെ മറികടന്നാണ് മനു സി. പുളിക്കലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം തീരുമാനിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രി ജി.സുധാകരന്റെ പിന്തുണയും മനു സി പുളിക്കലിന് ഗുണമായി. എസ്.എന്‍.ഡി.പിയുടെ പിന്തുണ അരൂരില്‍ ലഭിക്കുമെന്നും സി.പി.എം പ്രതിക്ഷിക്കുന്നുണ്ട്.
ലത്തീൻ സമുദായംഗമായ യുവ അഭിഭാഷകൻ മനു റോയ് രംഗത്തിറക്കുന്നതും പാര്‍ട്ടിക്ക് കാലങ്ങളായി ലഭിക്കാത്ത വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.മഞ്ചേശ്വരത്ത് കന്നഡ മേഖലയിൽ സ്വാധീനമുള്ള കെ.ആര്‍ ജയാനന്ദയുടെ പേര് സജീവമായിരുന്നെങ്കിലും മുൻ മഞ്ചേശ്വരം എം.എൽ.എയായ സി.എച്ച് കുഞ്ഞമ്പുവിലാണ് സി.പി.എം എത്തിച്ചേര്‍ന്നത്. ജില്ലാ സെക്രട്ടറിയേറ്റ്,മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നത് കൊണ്ട് പട്ടികയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.