India Kerala

രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്

സീറ്റ് ധാരണ സംബന്ധിച്ച് യു.ഡി.എഫില്‍ ഇത്തവണ അസ്വാരാസ്യങ്ങള്‍ ഉണ്ടാകില്ല. സുഗമമായി സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറ‍ഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു.

യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു.

സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നെന്ന സൂചന മുല്ലപ്പള്ളി രാമചന്ദ്രനും നല്‍കി. ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന ചര്‍ച്ചകള്‍ക്കും മുല്ലപ്പള്ളി വേഗത പകര്‍ന്നു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പാര്‍ട്ടിയുടെ സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.