India Kerala Uncategorized

മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് കുമ്മനം; വട്ടിയൂര്‍ക്കാവില്‍ പകരമാര്?

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് കുമ്മനം രാജശേഖരന്‍. ഇതോടെ കുമ്മനത്തിന് പകരമാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർഥിയെ പരീക്ഷിക്കരുതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തന്നെ പരിഗണിക്കരുതെന്നാണ് കുമ്മനം ആവർത്തിക്കുന്നത്. ഇക്കാര്യം ആർ.എസ്.എസ് നേതൃത്വത്തെയും അറിയിച്ചു. അതേ സമയം പകരം ആരെന്ന കാര്യത്തിൽ അവ്യക്തതയാണ്. ബി.ജെ.പി ജില്ലാ പ്രസിസന്റ് എസ്.സുരേഷിന് ആർ.എസ്.എസ് പിന്തുണയില്ലെന്നാണ് സൂചന.

പട്ടികയിലുള്ള സംസ്ഥാന സമിതിയംഗം വി.വി രാജേഷിന് യുവ പരിവേഷമുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ പാർട്ടി നടപടി നേരിട്ടയാൾ എന്നതാണ് തടസമായി ഉന്നയിക്കുന്നത്. പട്ടികയിലുള്ള സംസ്ഥാന വക്താവ് എം എസ് കുമാർ മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു.ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിനെയും ഉൾപ്പെടുത്തിയാണ് വട്ടിയൂർക്കാവിൽ ബി.ജെ.പി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.