കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. കോന്നിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി നിർണായകമാണ്. യു.ഡി.എഫ് യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും.
രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി. സ്ഥാനാർഥിനിർണയം ആണ് പ്രധാന അജണ്ട. സീറ്റ് വെച്ച് മാറ്റം വേണ്ടെന്ന് ഗ്രൂപ്പുകൾ തമ്മിൽ ധാരണയിലെത്തി യ സാഹചര്യത്തിൽ വട്ടിയൂർക്കാവ് കോന്നി എറണാകുളം സീറ്റുകൾ ഐ ഗ്രൂപ്പ് നിർത്തും. വട്ടിയൂർക്കാവിൽ എൻ. പീതാംബരക്കുറുപ്പിന് ആണ് കൂടുതൽ സാധ്യത. എറണാകുളത്ത് ടി.ജെ വിനോദിന്റെയും അരൂരിൽ രാജീവന്റെയും രാജേഷിന്റെയും പേരുകൾ പരിഗണിക്കുന്നു. കോന്നിയിൽ ആണ് കടുത്ത അഭിപ്രായ ഭിന്നത. റോബിൻ പീറ്റർ എന്ന മുൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പേരാണ് അടൂർ പ്രകാശ് നിർദ്ദേശിക്കുന്നത് .അഭിപ്രായവ്യത്യാസമുള്ള ഡി.സി.സി പ്രസിഡന്റും പി.ജെ കുര്യനും ഇന്നലെ കെ.പി.സി.സി ഓഫീസിൽ എത്തി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല
അടൂർ പ്രകാശിന്റെ നിലപാടിന് നേതൃത്യം പിന്തുണ നൽകുകയാണെങ്കിൽ പത്തനംതിട്ട ഡി.സി.സിയിൽ പൊട്ടിത്തെറി ഉണ്ടാകും. സീറ്റ് നിഷേധിക്കുമ്പോൾ എറണാകുളത്ത് കെ.വി തോമസ് നടത്താൻ സാധ്യതയുള്ള പ്രതികരങ്ങളും നേതൃത്വം വിലയിരുത്തുന്നു. ചർച്ചകൾക്കൊടുവിൽ വൈകാതെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.പി.സി.സി നേതൃത്വം. വൈകിട്ട് 3 ന് കന്റാൺ മെന്റ് ഹൗസിലാണ് യു.ഡി.എഫ്. യോഗം