കിഫ്ബിക്കെതിരായ ആരോപണത്തില്‍ ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്കും മറുപടി നൽകിയതാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയിലെ സി.എ.ജി പരിശോധനയില്‍ ഭയമില്ല, ചെന്നിത്തലയുടേത് വാചകമടിക്കപ്പുറം ഒന്നുമില്ല, മറുപടി നല്‍കിയതില്‍ ഏത് ഉത്തരമാണ് തെറ്റെന്ന് അദ്ദേഹം ചൂണ്ടികാണിക്കട്ടേയെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം കെ.എസ്.ഇ.ബി- കിഫ്ബി മുഖേന നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് ഇടപാടിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്, കെ.എസ്.ഇ.ബി പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ടെൻഡർ വ്യവസ്ഥകൾ ആണെന്നിരിക്കെ മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുക ആണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കിഫ്ബിയിൽ ഉൾപ്പെടുത്തി വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍, കിഫ്ബി വായ്പ, എസ്റ്റിമേറ്റ്, ചീഫ് എഞ്ചിനീയർ നിയമനം തുടങ്ങി വിവിധ നടപടികളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച് പത്ത് ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചിരുന്നത്.