India Kerala

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയം; ലീഗില്‍ ഭിന്നത, മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ലീഗില്‍ തര്‍ക്കം. മഞ്ചേശ്വരംകാരനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്ന പാണക്കാടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയത്. അതേസമയം തര്‍ക്കങ്ങളില്ലെന്നും രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥി ആരെന്നതില്‍ തീരുമാനമുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീൻ, മുൻ മന്ത്രി സി.ടി.അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് മുസ്‌ലിം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു രാവിലെ മുതലുള്ള സൂചനകള്‍.

എന്നാല്‍ മണ്ഡലത്തിന് പുറത്തുള്ള ഒരാളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നിലപാട് എടുത്തതോടെ സ്ഥാനാര്‍ഥി നിര്‍ണയം നീളാനാണ് സാധ്യത. അതേസമയം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാവുമെന്നാണ് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും പറയുന്നത്.