India Kerala

പാലാരിവട്ടം മേല്‍പ്പാല അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതിയിലെ ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

പാലാരിവട്ടം മേല്‍പാല അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കരാറുകാരനായ സുമതി ഗോയല്‍ നിരവധി പൊതുപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേർ വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ് പേര് വെളിപ്പെടുത്താത്തത്.

പാലം നിര്‍മാണത്തിന് മുന്‍കൂറായി അനുവദിച്ച സര്‍ക്കാര്‍ പണം പോയത് ആര്‍.ഡി.എക്സ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തിന് ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് മുൻകൂർ പണം നൽകാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെതായിരുന്നെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

ഫ്ലൈ ഓവർ നിർമാണത്തിന് മുൻകൂറായി നിശ്ചിത തുക നൽകണമെന്ന് കരാറിൽ വ്യവസ്ഥയില്ലാതിരിക്കെ കമ്പനിക്ക് 8.25 കോടി രൂപ നിർമാണ പ്രവർത്തനം തുടങ്ങാൻ മുൻകൂറായി നൽകാൻ നിർദേശിച്ചെന്നാണ് ടി.ഒ. സൂരജിനെതിരായ കേസ് .