മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് ആപ്തെ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു.
ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ മാധവ് ആപ്തെ, 1958-59 ലും 1961-62 ലും മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ചു. 1952 ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ആപ്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 542 റൺസ് നേടി. അതിൽ 13 ഇന്നിങ്സുകളിൽ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടുന്നു. ഒരു ടെസ്റ്റ് പരമ്പരയിൽ 400 റൺസ് നേടിയ ആദ്യ ഇന്ത്യൻ ഓപ്പണർ കൂടിയാണ് അദ്ദേഹം (1953 ൽ വെസ്റ്റിൻഡീസിനെതിരെ 460 റൺസ്).
വലംകൈയ്യൻ ബാറ്റ്സ്മാനായ മാധവ് ആപ്തെ, 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3,336 റൺസ് നേടിയിട്ടുണ്ട്. അതിൽ ആറ് സെഞ്ച്വറികളും 16 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. വിക്കറ്റ് നഷ്ടപ്പെടുത്താതെ നേടിയ 165 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ് സ്കോർ.
ലെഗ് സ്പിന്നറായി കരിയര്‍ ആരംഭിച്ചെങ്കിലും വിനോ മങ്കാദിന്റെ സഹായത്തോടെ ഓപ്പണർ ബാറ്റ്സ്മാനായി രൂപാന്തരപ്പെടുകയായിരുന്നു. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെയും ലെജന്റ്സ് ക്ലബിന്റെയും പ്രസിഡന്റായിരുന്നു അദ്ദേഹം. മങ്കാദ്, പോളി ഉമ്രിഗർ, വിജയ് ഹസാരെ, റൂസി മോദി എന്നിവരുൾപ്പെടെ നിരവധി ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം മാധവ് ആപ്തെ കളിച്ചിട്ടുണ്ട്.