വിജയ് ഹസാരെ ട്രോഫിയോടെ ഇത്തവണത്തെ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റ് സീസണ്‍ ആരംഭിക്കാനിരിക്കേ തങ്ങളുടെ തട്ടകങ്ങള്‍ മാറ്റി ഇന്ത്യന്‍ താരങ്ങളായ ബരീന്ദര്‍ സ്രാന്‍, കരണ്‍ ശര്‍മ്മ എന്നിവര്‍. കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച ഫോമിലല്ലാത്ത ഇടം കൈയ്യന്‍ പേസര്‍ ബരീന്ദര്‍ സ്രാന്‍ പഞ്ചാബില്‍ നിന്ന് തന്റെ തട്ടകം ചണ്ഡീഗഢിലേക്ക് മാറ്റിയപ്പോള്‍, ഓള്‍ റൗണ്ടര്‍ കരണ്‍ ശര്‍മ്മ, വിദര്‍ഭയ്ക്കും, ആന്ധ്ര പ്രദേശിനും വേണ്ടി കളിച്ചതിന് ശേഷം വീണ്ടും റെയില്‍വേസിലേക്ക് തിരിച്ചെത്തി.
വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ അവസരം ലഭിക്കാത്തതാണ് ബരീന്ദര്‍ സ്രാനെ ടീം മാറാന്‍ പ്രേരിപ്പിച്ചത്. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ വ്യക്തമായ കാരണം പറയാന്‍ സെലക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും അതിനാലാണ് ഇത്തവണ ടീം മാറാന്‍ താന്‍ തീരുമാനിച്ചതെന്നും കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ സ്രാന്‍ വ്യക്തമാക്കി. സ്രാന് പുറമേ മനന്‍ വോറ, ഉദയ് കൗള്‍ എന്നീ രണ്ട് പഞ്ചാബ് താരങ്ങള്‍ കൂടി ഇത്തവണ ചണ്ഡീഗഡില്‍ കളിക്കാനുണ്ട്.
നേരത്തെ 2017-18 സീസണില്‍ വിദര്‍ഭയിലേക്ക് തന്റെ തട്ടകം മാറ്റിയ കരണ്‍ ശര്‍മ്മ, കഴിഞ്ഞ സീസണില്‍ ആന്ധ്ര പ്രദേശിന് വേണ്ടിയായിരുന്നു കളിച്ചത്. എന്നാല്‍ 2007 മുതല്‍ 2017 കളിച്ച റെയില്‍വേസിലേക്ക് ഇത്തവണ തിരിച്ചെത്താന്‍ താരം തീരുമാനിക്കുകയായിരുന്നു. കൂടുതല്‍ അവസരം ലഭിക്കുമെന്നത് തന്നെയാണ് കരണ്‍ ശര്‍മ്മ റെയില്‍വേസിലേക്ക് തിരിച്ചെത്തിയതിന് കാരണം.