പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികള്‍ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാര്‍ഥികള്‍. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും. ഒരിക്കല്‍ കൂടി വീടുകളില്‍ കയറി വോട്ട് ഉറപ്പിക്കാനാവും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രമം.
എല്ലായിടത്തും ഓടിയെത്തിയെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഒരു ദിവസം മുന്നെ പ്രചരണം കൊട്ടി കലാശിച്ചു. പക്ഷേ നിശബ്ദ പ്രചരണത്തിന്റെ രണ്ട് ദിവസങ്ങളിലും സ്ഥാനാർത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമമുണ്ടാവില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിയും ഇന്ന് പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കും .ഒപ്പം അവസാനവട്ട വിലയിരുത്തലുകളും നടത്തും. ആദ്യ ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, ജോസഫ് പക്ഷങ്ങള്‍ തമ്മിലടിച്ചെങ്കിലും അവസാനം എല്ലാം പരിഹരിച്ച് വിജയം ഉറപ്പിച്ചുവെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം.
മറുപക്ഷത്ത് പാലയുടെ ചരിത്രം തിരുത്തി വിജയത്തിലേക്ക് നീങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ശബരിമല ഒരിക്കല്‍ കൂടി വോട്ടായാല്‍ അത്ഭുതങ്ങള്‍ കാട്ടാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പിയും.