മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ടോം ജോസ് സോളിസിറ്റർ ജനറലുമായി രാവിലെ കൂടിക്കാഴ്ച നടത്തിയേക്കും. സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ധാരണ രൂപപ്പെടുത്താനായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും സർക്കാർ അഭിഭാഷകനും ഇന്നലെ രാത്രിയും തുഷാർ മെഹ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നൽകിയിരുന്ന അന്ത്യശാസനം. ഫ്ലാറ്റുകൾ പൊളിക്കാനുള്ള പ്രാഥമിക നടപടിക്രമങ്ങൾ മാത്രമേ ഇതുവരെയും പൂർത്തീകരിക്കാനായിട്ടുള്ളൂ. ഈ സാഹചര്യത്തിൽ കടുത്ത കോടതി നടപടികൾ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി ഡൽഹിയിൽ തിരക്കിട്ട ചർച്ചകളാണ് നടന്നത്. പരിസ്ഥി സെക്രട്ടറി ഉഷ ടൈറ്റസും സർക്കാർ അഭിഭാഷകൻ ജി അശോകും രാത്രി ഒമ്പത് മണിയോടെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് രാവിലെ തുഷാർ മെഹ്തയെ വീണ്ടും കണ്ടേക്കും. ഫ്ലാറ്റുകള്‍ പൊളിക്കാത്തതിനാൽ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍, വിധി നടപ്പിലാക്കുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണങ്ങൾ, സാങ്കേതിക പ്രശ്നങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം. 23നാണ് കേസ് കോടതി പരിഗണിക്കുന്നത്. അന്ന് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകും.