India National

നിര്‍മ്മല സീതാരാമന്‍ ഇന്ന് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പൊതുമേഖല മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമയപരിധിക്കുള്ളില്‍ ലയനം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ട ചര്‍ച്ചയാകും. നാളെ ഗോവയില്‍ ജിഎസ്ടി കൌണ്‍സിലും ചേരും.

നിഷ്ക്രിയ ആസ്തി, വാതില്‍പ്പടി ബാങ്കിങ്, ബാങ്കുകളുടെ ലയനം തുടങ്ങിയ വിഷയങ്ങളാണ് പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കുന്നുണ്ട്. നിഷ്ക്രിയ ആസ്തി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നടത്തുന്നത് സംബന്ധിച്ച നയങ്ങള്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗം ചര്‍ച്ചക്കെടുക്കും. എല്ലാത്തിനും ഉപരിയായി നിലവില്‍ പ്രഖ്യാപിച്ച ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 2020 ഏപ്രില്‍ 1 എന്ന സമയപരിധിക്കുളില്‍ നിന്ന് ബാങ്കുകളുടെ ലയനം പൂര്‍ത്തിയാക്കണം.

അതേസമയം ആര്‍ബിഐ നിരക്ക് കുറച്ചതിന് ശേഷമുള്ള വായ്പകളുടെ പലിശയിളവും ഇന്ന് ചര്‍ച്ചയാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലയനവും ഉത്തേജനപാക്കേജുകളും പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇതില്‍ എത്ര തീരുമാനങ്ങള്‍ ഹ്രസ്വകാലത്ത് ഗുണം ചെയ്യുമെന്നതാണ് ആശങ്ക. നാളെ നിര്‍ണ്ണായകമായ ജിഎസ്ടി കൌണ്‍സിലും ഗോവയില്‍ യോഗം ചേരും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനിടെ വാഹനങ്ങളുടെ ജിഎസ്ടി കുറക്കണമെന്ന ആവശ്യം പരിഗണിക്കുമോയെന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കുന്നത്.