കശ്മീരില്‍ ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ മുഹമ്മദ് യൂസുഫ് തരിഗാമി. കശ്മീരികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണം, ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുപോലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടാകില്ല. സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവസരം നല്‍കിയതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും തരിഗാമി പറഞ്ഞു.
ജനങ്ങളെ ഇന്ത്യയില്‍ നിന്നകറ്റി രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്ന സമീപനമാണ് നിലവില്‍ കേന്ദ്ര സര്‍ക്കാറിന്റേതെന്നായിരുന്നു തരിഗാമിയുടെ ആരോപണം. ചികിത്സാവശ്യാര്‍ത്ഥം ഡല്‍ഹിയിലെത്തിയ തരിഗാമി പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങള്‍ ഇത്രയും കാലം ഇന്ത്യയോടൊപ്പം നിന്നിട്ടും അവരെ എല്ലാ അര്‍ഥത്തിലും ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
ഫാറൂഖ് അബ്ദുല്ല ഭീകരനല്ലെന്നും താന്‍ വിദേശിയല്ലെന്നും പറഞ്ഞ തരിഗാമി കശ്മീരിനെ ഇന്ത്യയുമായി അടുപ്പിച്ച് നിര്‍ത്തിയ നേതാക്കളായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ കുടുംബമെന്ന് കേന്ദ്ര സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു. പട്ടാളക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നമല്ല കശ്മീരിന്റേതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയ ഈ പ്രശ്‌നം പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ട് തീര്‍പ്പുണ്ടാക്കണമെന്നും തരിഗാമി അഭ്യര്‍ഥിച്ചു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.