Entertainment Movies

ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി, തമിഴിലും ഫ്ലക്സ് വേണ്ടെന്ന് താരങ്ങള്‍

രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്.

അതെ സമയം തമിഴ് താരങ്ങളും ഫ്ലക്സ് ബോര്‍ഡ് ഒഴിവാക്കി കൊണ്ടുള്ള തീരുമാനവുമായി രംഗത്തു വന്നു. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആരാധകരോട് ഫ്ലക്സ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ലക്സുകൾ വെയ്ക്കരുതെന്ന് താരങ്ങൾ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നടന്‍ വിജയ് രംഗത്തുവന്നത്. ഈ മാസം 19നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്.

ചെന്നൈ പല്ലാവരം റോഡരികില്‍ അണ്ണാ ഡി.എം.കെ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് ക്രോംപേട്ട് സ്വദേശി ആര്‍. ശുഭശ്രീയുടെ ജീവനെടുത്തത്. ഐ.എല്‍.ടി.എസ് പരീക്ഷയെഴുതി സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ബോര്‍ഡ് പൊട്ടിവീണ് സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിയുകയും, പുറകെയെത്തിയ ലോറിയ്ക്കടിയില്‍ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. അണ്ണാ ഡി.എം.കെ നേതാവിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്.

ചെന്നൈയിലെ റോഡരികുകളില്‍ വിവിധയിടങ്ങളിലായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഫ്ലക്സുകള്‍ വിലക്കി ഹൈക്കോടതി ഉത്തരവിട്ട് വര്‍ഷം പിന്നിടുമ്പോഴും എവിടെയും ഇത് പാലിക്കപ്പെട്ടിട്ടില്ല. സ്വമേധയാ കേസെടുത്ത ഹൈക്കോടതി, പൊലിസ്, കോര്‍പറേഷന്‍ അധികൃതരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ, എല്ലാ പാര്‍ട്ടികളും ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.