പി.എസ്.സി പരീക്ഷ മലയാളത്തില്‍ കൂടി നടത്താന്‍ തത്വത്തില്‍ അംഗീകാരമായതാണെന്ന് പി.എസ്.സി ചെയര്മാന്. ഇതിന്റെ പ്രായോഗിക വശങ്ങള് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. പി.എസ്.സിയെ സംബന്ധിച്ച് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തിലുണ്ട്. ഇംഗ്ലീഷിലെ അതേ നൈപുണ്യത്തിൽ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളജ് അധ്യാപകരാണ്. എല്ലാ സർവകലാശാല വൈസ് ചാൻസലർ മാരുടെയും യോഗം വിളിക്കുമെന്നും ചെയര്മാന് അഡ്വ. എം കെ സക്കീര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം പി.എസ്.സി പരീക്ഷക്ക് മലയാളം കൂടി ഉള്‍പ്പെടുത്തുമെന്ന ഔദ്യോഗിക ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് ഐക്യ മലയാളം പ്രസ്ഥാനം അറിയിച്ചു. മലയാളം കൂടി പരീക്ഷ മാധ്യമമാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം 19ാം ദിവസവും പുരോഗമിക്കുകയാണ്.