മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ താല്പര്യ പത്രം സമര്‍പ്പിക്കേണ്ട തിയതി ഇന്നവസാനിക്കും.
സുപ്രിം കോടതി അടുത്ത ഇരുപതാം തീയതിക്കകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന് അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം താമസക്കാര്‍ ഒഴിയേണ്ട സമയം ഇന്നലെ അവസാനിച്ചു. ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോയാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു.
ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് കമ്പനികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഇന്നവസാനിക്കും. ഇതുവരെ എട്ട് കമ്പനികള്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്കി. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. പ്രൊഫ. ദേവദാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ഫ്ലാറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നഗരസഭ നല്കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകള്‍ ഹൈക്കോടതിയില്‍ ഇന്ന് റിട്ട് ഹരജി സമര്‍പ്പിക്കും