ദുബൈയില്‍ വണ്ടിചെക്ക് കേസില്‍ നിയമ നടപടി നേരിട്ട തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മടങ്ങിയെത്തും. വൈകുന്നേരം 6.50ന് നെടുമ്പാശേരിയില്‍ എത്തുന്ന തുഷാറിന് വിമാനത്താവളത്തിലും ആലുവ പ്രിയദർശിനി ഹാളിലും എസ്.എന്‍.ഡി.പി സ്വീകരണം നൽകും.
കേസിലെ പരാതിക്കാരന് നാസില്‍ അബ്ദുല്ലക്ക് എതിരെ അജ്മാന് കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍ ഇന്നലെ അറിയിച്ചിരുന്നു. കേസ് ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. അന്വേഷണത്തിലൂടെ ഇതില്‍ പങ്കാളികളായവരെയും പുറത്തുകൊണ്ടുവരും. സ്ഥാപനത്തില്‍ നിന്ന് നാസിലിന് താന്‍ ഒപ്പിട്ട ചെക്ക് ലഭിച്ചത് എങ്ങനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം കേസ് നേരിടുമെന്ന് നാസില്‍ അബ്ദുല്ല വ്യക്തമാക്കി. തുഷാറിന്റെ സ്ഥാപനത്തില്‍ താനുമായി ഇടപാട് നടത്താന്‍ ആരെയാണോ ചുമതലപ്പെടുത്തിയിരുന്നത്, അവര്‍ തന്നെയാണ് തനിക്ക് ചെക്ക് നല്‍കിയിട്ടുള്ളത്. എല്ലാ ഇടപാടുകളും അവരുമായാണ് നടത്തിയിരുന്നതെന്നും നാസില്‍ പറഞ്ഞു.