India National

രാജിവെച്ച ഐ.എ.എസ് ഓഫീസര്‍ രാജ്യദ്രോഹി; പാകിസ്താനില്‍ പോകണമെന്ന് ഹെഗ്ഡെ

സിവില്‍ സര്‍വീസില്‍ നിന്നും രാജിവെച്ച ഐ.എ.എസ് ഓഫീസര്‍ എസ് ശശികാന്ത് സെന്തിലിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ഉത്തര കന്നഡയിലെ ബി.ജെ.പി എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. ശശികാന്ത് സെന്തില്‍ രാജ്യദ്രോഹിയാണ്. കര്‍ണാടക സര്‍ക്കാരിനോട് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് രാജ്യത്തെ തകര്‍ക്കുന്നതിനേക്കാള്‍ നല്ലത് സെന്തില്‍ പാകിസ്താനില്‍ പോയി ഇന്ത്യക്കെതിരെ പോരാടുന്നതാണെന്നും ഹെഗ്ഡെ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ ദുഷിച്ച മനോഭാവം പുറത്തുവന്ന സ്ഥിതിക്ക് അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. പിന്നില്‍ നിന്ന് കുത്തുന്നവനെ തിരിച്ചുകൊണ്ടുവരുന്നത് രാജ്യത്തോടുള്ള വഞ്ചനയാണ്’- അനന്ത് കുമാര്‍ ട്വീറ്റ് ചെയ്തു.

2009 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ് ശശികാന്ത് സെന്തില്‍. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് ദുര്‍ഘടമായ വെല്ലുവിളികളെ നേരിടേണ്ടിവരും, അതുകൊണ്ട് ഐ.എ.എസില്‍ നിന്ന് പുറത്തു കടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നാണ് സെന്തില്‍ പറഞ്ഞത്.

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ മതുര്‍ ഗ്രാമത്തില്‍ നിന്നും ആദ്യമായി ഐ.എ.എസ് നേടിയ ദലിതനാണ് സെന്തില്‍. സെന്തില്‍ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായ ഓഫീസര്‍ രാജിവെക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.