ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ അനുമതി തേടി. ലക്നൌ പ്രത്യേക കോടതിയിലാണ് സി.ബി.ഐ ഇതിനായി അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം കല്യാണ്‍ സിങ് രാജസ്ഥാന് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐയുടെ നീക്കം.
കല്യാണ്‍ സിങ് യുപി മുഖ്യമന്ത്രിയായിരിക്കെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇതില്‍ കല്യാണ്‍ സിങിന് പങ്കുണ്ടെന്നായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഭരണഘടനാ പദവിയിലായിരുന്നതിനാല്‍ ഇതുവരെ കല്യാണ്‍ സിങിന് ചോദ്യം ചെയ്യലില്‍ നിന്ന് സുപ്രീംകോടതിയുടെ സുരക്ഷയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാന്റെ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതോടെ കല്യാണ്‍ സിങിനെതിരായ നിയമ നടപടിയുമായി മുന്നോട്ടുപോവുകയാണ് സി.ബി.ഐ.
സിങിനെ ചോദ്യം ചെയ്യാനായി അന്വേഷണ ഏജന്‍സി ലക്നൌ പ്രത്യേക കോടതിയിൽ അപേക്ഷ നല്കി. കോടതി നാളെ അപേക്ഷ പരിഗണിച്ചേക്കും. കല്യാണ്‍ സിങിന് പുറമെ കേസില്‍ കുറ്റാരോപിതരായ മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായാണ് വിവരം.