Kerala Pravasi Switzerland

അരങ്ങുണരുന്ന പാലാ…. ജനതയ്ക്ക്‌ വേണ്ടത്‌ മൈക്ക്‌ കെട്ടിയുള്ള പ്രസംഗത്തിന്റെ പേമാരിയല്ല….ജെയിംസ് തെക്കേമുറി

മിനച്ചിലാർ അവളുടെ മടിത്തട്ടിൽ താരാട്ടുപാടിയുറക്കുന്ന പാലാ വീണ്ടും ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ ഉയർന്നുകഴിഞ്ഞു. പാലാ രുപതയുടെ പ്രഥമ ബിഷപ്പ്‌ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി തുടങ്ങി വെച്ച പാലായുടെ വികസനം കെ. എം. മാണിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ കൈകളിലൂടെ നീണ്ട 54 വർഷം കടന്നുപോയി. ഇപ്പോൾ ഇവരുടെ അസാന്നിദ്ധ്യത്തിൽ പുതിയ നേതൃത്വത്തിനായുള്ള ഗവേഷണത്തിലാണ്.

പലപ്പോഴും പല തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷത്തിന്റെ അളവ്‌ കൂട്ടിയും , കുറച്ചും സൂചനകളും , മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടെങ്കിലും പാലാ ഒരിക്കലും മാണിസാറിനെ കൈവിട്ടില്ല മാണിസാർ പാലായേയും. സ്വന്തം നിയോജകമണ്ഡലത്തെ നെഞ്ചോടു ചേർത്തുപിടിച്ച നേതാവായിരുന്നു മാണിസാർ. ഇതേ മനോഭാവമുള്ള ഒരു പിൻഗാമിയെത്തന്നെ പാലാക്കാർ അന്വേഷിക്കുന്നുവെന്നത്‌ എല്ലാ മുന്നണികളും മനസ്സിലാക്കണം.

ഇവിടെ വിശകലനം ചെയ്യുന്നത്‌ മുന്നണികളുടെ ജയപരാജയങ്ങളും സാധ്യതകളുമല്ല മറിച്ച്‌ തെരഞ്ഞെടുപ്പ്‌ വേദികളിലും , തുടർന്നും അവർ സ്വീകരിക്കേണ്ട നിലപാടുകളാണ്. പട്ടണത്തിന്റെ ഹൃദയമുൾപ്പെടെ വിദ്യാസമ്പന്നരായ ആളുകൾ വസിക്കുന്ന പാലാ മണ്ഡലത്തിൽ രാഷ്ട്രീയക്കാരുടെയും , മുന്നണികളുടെയും പതിവുള്ള അടവ്‌ നയങ്ങൾ വിലപ്പോകില്ലയെന്ന് മനസ്സിലാക്കണം. ചിന്താശക്തിയുള്ള ഒരു ജനതതിയെ വിഢികളാക്കാൻ കഴിയില്ല. മറ്റൊരു ജനത ഗ്രാമ പ്രദേശങ്ങളിലുള്ള കർഷകരാണ് മാണിസാറിന്റെ വോട്ടുബാങ്കുകൾ. വിലത്തകർച്ചകൊണ്ടും , സാമ്പത്തിക അസ്ഥിരതകൊണ്ടും. എറെ ക്ലേശിക്കുന്ന നിഷ്കളങ്കരായ ഈ ജനതയ്ക്ക്‌ വേണ്ടത്‌ മൈക്ക്‌ കെട്ടിയുള്ള പ്രസംഗത്തിന്റെ പേമാരിയല്ല മറിച്ച്‌ ക്രിയാത്മകമായ ഇടപെടലുകളാണ്. അതിന് നിയമസഭയ്ക്ക്‌ അകത്തും, പുറത്തും എന്ത്‌ ചെയ്യാൻ കഴിയുമെന്ന് സ്ഥാനാർത്ഥികൾ ഇവരോട്‌ വ്യക്തമാക്കണം.

ഈ പാവങ്ങൾക്ക്‌ എത്‌ സമയത്തും പാലാ കരിങ്ങോഴയ്ക്കൽ വീട്ടിൽ കയറിച്ചെല്ലാൻ കഴിയുമായിരുന്നു വെന്ന് മനസ്സിലാക്കണം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കർഷക സംസ്കാരമുള്ള ജനപ്രതിനിധി തന്നെയുണ്ടാവണം. പാലാ എന്നും ഒരു മുന്നണിക്കൊപ്പമായിരുന്നുവെന്ന വാദം ശരിയല്ല. മാണിസാർ തന്നെ രണ്ട്‌ മുന്നണികളിലും നിന്ന് ജയിച്ച ചരിത്രവും പാലായ്ക്ക്‌ ഉണ്ട്‌.പാലായിൽ വികസനം വഴിമുടക്കി നിൽക്കുന്ന മേഖലകളുണ്ടെങ്കിൽ അത്‌ കണ്ടുപിടിച്ച്‌

പരിഹരിക്കുന്നതിലാവണം ഭാവി ജനപ്രതിനിധിയുടെ ശ്രദ്ധ. നാടിനെ തകർക്കുന്ന പാറമട ( ക്വാറി ) ലോബിയോടുള്ള സമീപനം എന്താണെന്ന് തുറന്ന് വ്യക്തമാക്കുവാൻ സ്ഥാനാർത്ഥികൾ തയ്യാറാവണം. അതുപോലെത്തന്നെ മീനച്ചിൽ താലൂക്കിലെ പൂവരണി ഉൾപ്പെടെയുള്ള വില്ലേജുകളിലെ ഒരു വലിയ പ്രശ്നമാണ് സ്ഥലത്തിന്റെ സ്വഭാവത്തിൽ വന്നിട്ടുള്ള വ്യത്യാസം. പുരയിടങ്ങളൊക്കെയും തോട്ടങ്ങളായിപ്പോയി. അതുകൊണ്ട്‌ തന്നെ സ്ഥലത്ത്‌ വീട്‌ വെയ്ക്കാനോ , വിൽക്കാനോ , ഈട്‌ വെച്ച്‌ ലോൺ എടുക്കാനോ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ മുതലെടുത്ത്‌ റവന്യു ഉദ്യോഗസ്ഥർ പാവങ്ങളെ പിഴിഞ്ഞ്‌ അവരുടെ നീര് ഊറ്റിക്കുടിക്കുന്നു. ഈ കാര്യത്തിൽ എന്ത്‌ ചെയ്യാൻ കഴിയുമെന്ന് സ്ഥാനാർത്ഥികളും , മുന്നണികളും വ്യക്തമാക്കണം.

ഒരോ സ്ഥാനാർത്ഥികൾക്കും വ്യക്തമായ പ്രകടന പത്രികകൾ ഉണ്ടാവട്ടെ. ആ പ്രകടന പത്രികകളും , സ്ഥാനാർത്ഥികളുടെ വ്യക്തിത്വവും വിശകലനം ചെയ്ത്‌ നല്ലതിനെ സ്വീകരിക്കാനുള്ള വിവേചനവും വിവേകവും. പാലായിലെ ജനങ്ങൾക്കുണ്ടാവട്ടെ. ഈ വിവേകമാണ് ജനാധിപത്യത്തിലെ യജമാനൻ മാരായ വോട്ടർമാർക്ക്‌ വേണ്ടത്‌. അവിടെ മതവും, ജാതിയും, വർഗ്ഗവും, രാഷ്ട്രീയ ചിന്തകളും നമ്മെ നയിക്കാതിരിക്കട്ടെ.