Entertainment

‘ഹിന്ദുവിരുദ്ധ ഉള്ളടക്കം’; നെറ്റ്ഫ്ലിക്സ് നിരോധിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍ ക്യാംപയിന്‍

ഹിന്ദുവിരുദ്ധ ഉള്ളടക്കം പുറത്തുവിടുന്നു എന്നാരോപിച്ച് ആഗോള സ്ട്രീമിങ് വീഡിയോ കമ്പനിയായ നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്ക്കരണ നിരോധനാഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഇന്ത്യയെയും ഹിന്ദുക്കളെയും മോശക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ശിവസേനാ പ്രവര്‍ത്തകനും ഹിന്ദു ആക്ടിവിസ്റ്റുമായ രമേശ് സോളങ്കി മുബൈ എല്‍.ടി മാര്‍ഗ് പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും നെറ്റ്ഫ്ലിക്സ് നിരോധിക്കാന്‍ ആഹ്വാനം ചെയ്ത് സംഘ് അനുകൂല പ്രവര്‍ത്തകര്‍ രംഗത്തു വന്നത്.

അമേരിക്കന്‍ ആഗോള സ്ട്രീമിങ് ഭീമന്‍ ഹിന്ദുക്കളെ ക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ശരിയല്ലാത്ത ചിത്രമാണ് പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ വേണ്ട നിയമപരമായ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് രമേശ് സോളങ്കി പൊലീസില്‍ പരാതി നല്‍കിയത്. നെറ്റ്ഫ്ലിക്സ് പുറത്തുവിടുന്ന ഓരോ ഉള്ളടക്കവും ഇന്ത്യയെ ആഗോളതലത്തില്‍ മോശമായി കാണിക്കുന്നതാണ്. അതില്‍ അടങ്ങിയിട്ടുള്ള ഹിന്ദുവിരുദ്ധതയാണ് രാജ്യത്തെ ഇങ്ങനെ മോശം നിലയില്‍ കാണിക്കാന്‍ സഹായിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സേക്രഡ് ഗെയിംസ്, ലെയ്ല, ഗൗള്‍, ഹസന്‍ മിന്‍ഹാജ് അവതരിപ്പിക്കുന്ന പാട്രിയോട് ആക്ട് എന്നിവ ഉദാഹരിച്ചു കൊണ്ടാണ് പരാതിക്കാരനായ ശിവസേനാ പ്രവര്‍ത്തകന്‍ പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സേക്രഡ് ഗെയിംസ്, ലെയ്ല, ഗൗള്‍ എന്നിവ ഹിന്ദു മതം അതിതീവ്രമായ രീതിയില്‍ പ്രതിഫലിക്കുന്ന പ്രധാന പ്രമേയമായി വരുന്ന സീരിസുകളായിരുന്നു.

അതെ സമയം ശിവസേനാ പ്രവര്‍ത്തകന്റെ പരാതിക്ക് ശേഷം ട്വിറ്ററില്‍ വ്യാപകമായ രീതിയിലാണ് നെറ്റ്ഫ്ലിക്സ് നിരോധിക്കാന്‍ ആഹ്വാനം നടക്കുന്നത്.