മധ്യപ്രദേശ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി സര്‍ക്കാരിനെ ബാധിച്ചതോടെ വിവര ശേഖരണം നടത്തി അധ്യക്ഷ സോണിയ ഗാന്ധി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചു. അനാവശ്യ പ്രതികരണങ്ങളില്‍ നിന്ന് നേതാക്കള്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ പക്വത കാണിക്കണമെന്നും ബാബറിയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥുമായി സോണിയാഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും.
മധ്യപ്രദേശ് പി.സി.സിയിലെ തര്‍ക്കം, നേതാക്കളുടെ ആവശ്യങ്ങള്‍, പ്രതികരണം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ വിശദമായി വിവരിക്കുന്നതാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ശേഷം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിവരിച്ചു. സംസ്ഥാന നേതാക്കള്‍ വിവാദ പ്രതികരണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പ്രതിച്ഛായ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സോണിയ ഗാന്ധി ഉടന്‍ തുടര്‍നടപടി എടുത്തേക്കും. ഒരാഴ്ചക്കകം അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ശ്രമം. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി കമല്‍ നാഥും ജോതിരാദിത്യ സിന്ധ്യയും കടുംപിടിത്തം തുടരുകയാണ്. ദിഗ്വിജയ് സിങ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നു എന്ന പരാതിയുമായി ഉമാംഗ് സിങ്കാര്‍ അടക്കമുള്ള മന്ത്രിമാരും എത്തിയിരിക്കുന്നു.