സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്ന് മരണം. കൊല്ലം പരവൂരില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേരും കണ്ണൂരില്‍ വട് തകര്‍ന്ന് ഒരു സ്ത്രീയുമാണ് മരിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം പുത്തന്‍കുളത്ത് ആനപരിപാലന കേന്ദ്രത്തിലെ പാപ്പാന്മാർ താമസിച്ചിരുന്ന മുറിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മഴയില്‍ വീട് തകര്‍ന്നാണ് കണ്ണൂരില്‍ സ്ത്രീ മരിച്ചത്. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനിയാണ് മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമായതാണ് മഴക്ക് കാരണം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിക്കയിടത്തും രാത്രിയില്‍ കനത്ത മഴ അനുഭവപ്പെട്ടു. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് 15 സെന്റിമീറ്റര്‍,. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി.
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് തുറന്നിട്ടുണ്ട്. നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം നിര്‍ദേശിച്ചു. തൃശൂര്‍ ചിമ്മിനി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പീച്ചി ഡാമിന്റെ ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്തി. വാഴാനി ഡാമിന്റെ രണ്ട്ഷട്ടറുകള്‍ പതിനഞ്ച് സെന്റിമീറ്ററും രണ്ടെണ്ണം പത്ത് സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടര്‍ അഞ്ച് സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട് ഈ മാസം ഒമ്പത് വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.