ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന് താരമെന്ന ബഹുമതി 26 കാരനായ റഹ്മത് ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിലാണ് റഹ്മത് ഷായുടെ വ്യക്തിഗത സ്കോര്‍ മൂന്നക്കം കടന്നത്. 187 പന്തുകള്‍ നേരിട്ട റഹ്മത് ഷാ 102 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴായിരുന്നു റഹ്മത് രക്ഷക വേഷമണിഞ്ഞത്.
അസ്ഗര്‍ അഫ്ഗാന്റെ പിന്തുണയോടെ ക്രീസില്‍ ക്ഷമയോടെ പന്തുകള്‍ നേരിട്ട റഹ്മത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പുതു ചരിത്രം കുറിക്കുകയായിരുന്നു. ടീമിന്റെ നെടുംതൂണായി ബാറ്റ് വീശിയ റഹ്മത് രണ്ടു സിക്സറുകളും പത്തു ബൌണ്ടറികളും അടക്കമാണ് മൂന്നക്കം കടന്നത്. ഒടുവില്‍ സ്വന്തം രാജ്യത്തിന് വേണ്ടി ചരിത്രം നിമിഷം കുറിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം. 77 റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയിലേക്ക് ടീം തകരുമ്പോഴായിരുന്നു റഹ്മത് ഷായുടെയും അസ്ഗറിന്റെയും രക്ഷാപ്രവര്‍ത്തനം. ഇതേസമയം, അഫ്ഗാനിസ്ഥാന് വേണ്ടി തന്റെ രണ്ടാം ടെസ്റ്റ് അര്‍ധ ശതകം നേടിയ അസ്ഗര്‍ അഫ്ഗാന് സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. അയര്‍ലണ്ടിനെതിരായ ടെസ്റ്റില്‍ റഹ്മത്, അഫ്ഗാന് വേണ്ടി 98 റണ്‍സ് നേടിയിരുന്നു.