Football Sports

ലുകാകുവിനു നേരെ ‘കുരങ്ങുവിളി’; താരത്തെ പിന്തുണക്കാതെ ഇന്റർ ആരാധകർ

ഇക്കഴിഞ്ഞ ട്രാൻസ്ഫർ കാലയളവിലാണ് ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാകു മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് സീരി എ ക്ലബ്ബ് ഇന്റർ മിലാനിലെത്തിയത്. ഇന്ററിനു വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും താരം ലക്ഷ്യം കാണുകയും ചെയ്തു. എന്നാൽ, പുതിയ തട്ടകമായ ഇറ്റലി ലുകാകുവിന് അത്രനല്ല അനുഭവമല്ല സമ്മാനിക്കുന്നത്. ഞായറാഴ്ച കാല്യറിയുടെ തട്ടകത്തിൽ ഇന്റർ കളിച്ചപ്പോൾ കറുത്ത വർഗക്കാരനായ ലുകാകുവിനു നേരെ ഗാലറിയിൽ നിന്ന് വംശീയ അധിക്ഷേപമുണ്ടായി. ഈ സംഭവത്തെപ്പറ്റി പരാതിപ്പെട്ട താരത്തിന് ഇന്റർ ആരാധകരുടെ പോലും പിന്തുണയില്ല എന്നതാണ് വിചിത്രമായ കാര്യം.

ലുകാകുവിനെ അപമാനിച്ച കാല്യറി ആരാധകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഫുട്‌ബോൾ ലോകത്ത് ശക്തമാകുന്നതിനിടെയാണ് വിചിത്ര ന്യായീകരണവുമായി ഇന്ററിന്റെ ആരാധക സംഘമായ കർവ നോർദ് (ഇന്റർ അൾട്ര) രംഗത്തു വന്നിരിക്കുന്നത്. കാല്യറിയുടെ ഗാലറിയിൽ നിന്നുണ്ടായ കുരങ്ങുവിളി അധിക്ഷേപമല്ലെന്നും അത് ബഹുമാനമായി ലുകാകു കണക്കാക്കണമെന്നും കർവ നോർദ് പ്രസ്താവനയിൽ പറയുന്നു.

ലുകാകുവിനെ അഭിസംബോധന ചെയ്ത് കർവ നോർദ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:

താങ്കൾ മിലാനിൽ എത്തിയപ്പോൾ സ്വീകരിച്ച അതേ ആളുകളാണ് ഞങ്ങൾ. കാല്യറിയിൽ സംഭവിച്ചത് വംശീയ അധിക്ഷേപമായി താങ്കൾക്ക് തോന്നിയതിൽ ഞങ്ങൾക്ക് വിഷമമുണ്ട്. മറ്റ് വടക്കൻ യൂറോപ്യൻ രാജ്യങ്ങളെപ്പോലെ ഇറ്റലിയിൽ വംശീയത ഒരു യഥാർത്ഥ വിഷയമല്ല. ഇറ്റലിൽ ഞങ്ങൾ സ്വന്തം ടീമിനെ സഹായിക്കാനും എതിർടീമിനെ അസ്വസ്ഥരാക്കാനുമുള്ള ‘വഴികൾ’ തേടാറുണ്ട്. അത് വംശീയതായി കാണരുത്.

ഞങ്ങൾ ബഹുസ്വര ആരാധകരാണ്; ലോകത്ത് എല്ലായിടത്തുനിന്നുമുള്ള കളിക്കാരെ ഞങ്ങൾ സ്വാഗതം ചെയ്യാറുണ്ട്. എതിർ കളിക്കാരെ അസ്വസ്ഥരാക്കാൻ മുമ്പ് ആ ‘വഴികൾ’ ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോഴും ഉപയോഗിക്കുന്നു, ഇനിയുമുണ്ടാവും.

ഇറ്റാലിയൻ ആരാധരുടെ ഈ മനോഭാവത്തെ ബഹുമാനരൂപമായി കാണുക. അവരുടെ ടീമുകൾക്കെതിരെ താങ്കൾ നേടുന്ന ഗോളുകളെ അവർ ഭയപ്പെടുന്നുണ്ട്. അവരുടെ പ്രവൃത്തികൾ അവർ താങ്കളെ വെറുക്കുന്നതു കൊണ്ടോ വംശീയവാദികൾ ആയതുകൊണ്ടോ അല്ല. യഥാർത്ഥ വംശീയത എന്നാൽ മറ്റൊരു കഥയാണ്, ഇറ്റലിയിലെ ഫുട്‌ബോൾ ആരാധകർക്ക് അത് നന്നായി അറിയാം.

യഥാർത്ഥ വംശീയതക്കെതിരായ യുദ്ധം ആരംഭിക്കേണ്ടത് സ്‌കൂളുകളിലാണെന്നും സ്റ്റേഡിയത്തിലല്ലെന്നും യഥാർത്ഥ ജീവിതത്തിലേതു പോലെയല്ല ആരാധകർ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ പെരുമാറുകയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.