India National

വാഹന പരിശോധന; ബൈക്ക് യാത്രക്കാരന് കിട്ടിയത് 23,000 രൂപ പിഴ, എന്തിനാണെന്നോ ?

മോട്ടോർ വാഹന ഭേദഗതി ബിൽ 2019 പ്രകാരം രാജ്യത്ത് പൊലീസ്, വാഹന പരിശോധന തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഇതിനോടകം ആയിരക്കണക്കിന് വാഹന ഉടമകളാണ് വിവിധ നിയമ ലംഘനങ്ങള്‍ക്ക് വര്‍ധിച്ച പിഴയൊടുക്കേണ്ടി വന്നത്. നിസാരമെന്ന് തോന്നുന്ന നിയമ ലംഘനങ്ങള്‍ പോലും നിങ്ങളുടെ പോക്കറ്റ് കാലിയാക്കുമെന്നാണ് ഗുരുഗ്രാമില്‍ നിന്നുള്ള ദിനേശ് മദന്റെ അനുഭവം തെളിയിക്കുന്നത്. വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ദിനേശിന് ട്രാഫിക് പൊലീസ് ചുമത്തിയത് ഒന്നും രണ്ടും രൂപയല്ല, 23,000 രൂപയാണ്.

വാഹന പരിശോധനാ സമയത്ത് ലൈസന്‍സ് കയ്യില്‍ കരുതാതിരുന്നതു മുതല്‍, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ല, ഇൻഷുറൻസ് ഇല്ല, മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ല, ഹെൽമെറ്റ് ഇല്ലാതെയുള്ള സവാരി എന്നതൊക്കെ ചേര്‍ത്താണ് ദിനേശിന് 23,000 രൂപ പിഴ ചുമത്തിയത്. പൊലീസ് തനിക്ക് കൈമാറിയ പിഴ രേഖപ്പെടുത്തിയ രസീത് കണ്ട് ഞെട്ടിപ്പോയെന്ന് ദിനേശ് പറഞ്ഞു. താന്‍ വാഹനങ്ങളുടെ രേഖകള്‍ കയ്യില്‍ സൂക്ഷിച്ചിട്ടില്ലെന്നും വീട്ടിലുണ്ടെന്നും പൊലീസിനെ അറിയിച്ചെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. ഇതോടെ പൊലീസുകാര്‍ തന്റെ ബൈക്കിന്റെ താക്കോല്‍ ആവശ്യപ്പെട്ടുവെന്നും ദിനേശ് പറഞ്ഞു.

ഭീമമായ തുക അടക്കാന്‍ തയ്യാറാകാതെ ബൈക്ക് പൊലീസുകാര്‍ക്ക് വിട്ടുനല്‍കിയാണ് പിന്നീട് ദിനേശ് യാത്ര തുടര്‍ന്നത്. ഇത്രയും വലിയ തുക എങ്ങനെ അടക്കാനാണെന്നും തന്റെ ബൈക്ക് വിറ്റാല്‍ 15,000 രൂപയില്‍ കൂടുതല്‍ കിട്ടില്ലെന്നുമാണ് ദിനേശ് പറയുന്നത്.