Cricket Sports

257 റണ്‍ വിജയത്തോടെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. കിങ്സ്റ്റണ്‍ ടെസ്റ്റില്‍ വിന്‍ഡീസിനെ 257 റണ്‍സിന് തകര്‍ത്തു. 468 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 210 ന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ നിന്ന് 164 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് കളിയിലെ താരം. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡ് കോഹ്ലി സ്വന്തമാക്കി. കോഹ്ലിയുടെ 28ാം ടെസ്റ്റ് വിജയമാണിത്.

സ്‌കോര്‍

ഇന്ത്യ 416 & 168/4d

വെസ്റ്റ് ഇന്‍ഡീസ് 117&210

കോഹ്‌ലിപ്പടയുടെ കരുത്തിന് മുന്നില്‍ കരീബിയക്കാര്‍ കൈ മലര്‍ത്തി. രണ്ട് മത്സരങ്ങളുടെ പരമ്പര, രണ്ടും ജയിച്ച് ഇന്ത്യന്‍ ജൈത്രയാത്ര. ആദ്യ ഇന്നിംഗ്‌സില്‍ ബുംറയെങ്കില്‍, രണ്ടാം ഇന്നിംഗ്‌സില്‍ മറ്റുള്ളവര്‍ ബൗളിംഗ് കടിഞ്ഞാണ്‍ പിടിച്ചു. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച കരീബിയക്കാര്‍ ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉണര്‍ത്തിയില്ല. വിക്കറ്റുകള്‍ ഇടയ്ക്കിടെ വീണു. ഷമിക്കും ജഡേജക്കും 3 വീതം. ഇഷാന്ത് രണ്ട്.

ഒടുവില്‍ 257 റണ്‍സ് അകലെ ആതിഥേയര്‍ അടിയറവ് പറഞ്ഞു. ഹാട്രിക്ക് അടക്കം ആദ്യ ഇന്നിംഗ്‌സില്‍ 6 വിക്കറ്റ് നേടിയ ബുംറ, സെഞ്ച്വറിക്കാരന്‍ ഹനുമ വിഹാരി, ഇവരാണ് ജയത്തിന് അടിത്തറയിട്ടത്.